Kerala
തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. യാത്രാമധ്യേ സൗജന്യ യാത്രാ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് നടപടി.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡിയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ പ്രിയദർശിനി ബസിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ കുടുംബം പറവൂർ പൊലിസിൽ പരാതി നൽകിയിരുന്നു.
പൊലിസിൽ നൽകിയ പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി അധികൃതർ സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചത്.
Kerala
കൊച്ചി: കോതമംഗലത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ ആണ് അപകടമുണ്ടായത്.
ബസും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. കുട്ടമ്പുഴ, ഉരുളൻ തണ്ണി സ്വദേശികളായ ജോസ് (65), സൂസൻ (60) എന്നിവരാണ് മരിച്ചത്.
Kerala
പാലക്കാട്: കുളപ്പുള്ളി-പാലക്കാട് പാതയിൽ മനിശീരിയിൽ വാഹനാപകടം. നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ചാണ് അപകടം.
ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ബസിൽനിന്ന് മദ്യത്തിന്റെതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പാലം പൊലിസ് എത്തി ഡ്രൈവറെ പരിശോധനയ്ക്ക് കൊണ്ടുപോയി.
തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ വശത്ത് ഇടിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് അറസ്റ്റിലായത്. അതിർത്തി ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് വിപിൻ അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ഞായറാഴ്ച അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിൽ അന്തർ സംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിലാണ് വിപിൻ യാത്ര ചെയ്തിരുന്നത്. ഇതിൽ നിന്നാണ് രഹസ്യമായി കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രതി പിടിയിലാകുന്നത്.
Kerala
ചാവക്കാട്: ഗർഭിണി ബസിൽനിന്നു വീണു പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിൽ. പാലയൂർ എന്ന ബസിന്റെ ഡ്രൈവർ പ്രകാശൻ, കണ്ടക്്ടർ കാളിദാസൻ എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ അന്പലത്തുവീട്ടിൽ ഷദിലിന്റെ ഭാര്യ ഫാത്തിമ (21) ആണ് ബുധനാഴ്ച രാവിലെ ചാവക്കാട്-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽനിന്നു പിൻവശത്തെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണത്.
എൽഎഫ് കോളജ് വിദ്യാർഥിയായ ഫാത്തിമ കോളജിൽ പോകുന്നതിനായി ബസിൽ കയറിയതായിരുന്നു. തെക്കേ ബൈപാസിലെ വളവിൽ ബസ് തിരിയുന്നതിനിടെ ഫാത്തിമ പുറത്തേക്കു വീഴുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലിസ് നടപടി.
National
മുംബൈ: മഹാരാഷ്ട്രയിലെ ഗോറെഗാവിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. രാജേന്ദ്ര മുരളിധർ സോണവാനെ, മംഗേഷ് രാമചന്ദ്ര മോഡലേക്കർ എന്നിവർക്കാണ് പരിക്കേറ്റത്.
ഒബ്റോയ് മാളിന് മുന്നിലെ സിഗ്നലിന് സമീപം ബസ് വലത്തേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ പുറകിൽ ഇടിച്ച കാർ തുടർന്ന് മെട്രോ തൂണിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ രണ്ട് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
കാർ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് പിന്നോട്ടെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കാലിൽ കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പിലെ മാവിലോത്ത് പുതിയപുരയിൽ എ.പി.ഫാത്തിമയ്ക്ക് (11) ആണ് പരിക്കേറ്റത്.
ഇന്നു രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നതിന് മാതാവിനൊപ്പം എത്തിയതായിരുന്നു വിദ്യാർഥിനി.
സ്റ്റാൻഡിൽ ബസ് ഇറങ്ങിയശേഷം പയ്യന്നൂർ ബസിൽ കയറാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഇടത് കാൽപ്പാദത്തിനാണ് പരിക്ക്. വിദ്യാർഥിനിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: കായംകുളത്ത് പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരി ബസിനടിയിൽപെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്.
കെപി റോഡിൽ കായംകുളം പൊലിസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകുന്നേരം ആറേകാലിനാണ് അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു ശ്രീഭദ്ര. മുന്നിൽ വരികയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സഹോദരൻ ശ്രീ ഗണേഷ്. അപകടത്തിൽ ശ്രീകാന്തിനും നിസാര പരിക്കേറ്റിട്ടുണ്ട്.
Kerala
പാലക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്.
റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറിനായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു.
തൃശൂർ ദിശയിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Kerala
തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ഇടിച്ച് 25 പേർക്ക് പരിക്ക്. എറണാകുളം-ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് കുന്നംകുളം - ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പുറകിലിടിച്ചത് .
പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടം നടന്നയുടൻ നാട്ടുകാർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
Kerala
മുണ്ടക്കയം: കെകെ റോഡിൽ വളഞ്ഞങ്ങാനത്തിനു സമീപം കെഎസ്ആർടിസി ബസും ടോറസ് ലോറിയും തമ്മിൽ റോഡിൽ ഉരഞ്ഞ് ഞെരുങ്ങി വഴി സ്തംഭിച്ചു. റോഡിൽ സമാന്തരമായി മറ്റൊരു സ്വകാര്യബസ് കേടായി കിടന്നതോടെ ഒരാൾക്കു പോലും മറുവശത്തേക്കു പോകാനാവാത്ത രീതിയിൽ വഴിയടഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് കഴിഞ്ഞപ്പോഴായിരുന്നു അപകടം. വലിയ കൊക്കയുടെ സമീപത്താണ് കെഎസ്ആർടിസി ബസ് നിന്നത്. കേടായി കടന്ന സ്വകാര്യബസിനെ മറികടന്ന് ലോറി മുന്നോട്ടുപോകുന്നതിനിടയിലാണ് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസ് ഇറക്കം ഇറങ്ങി എത്തിയത്. കടന്നുപോകാൻ വഴിയില്ലാതെ ഇതോടെ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ ഉരസി ഞെരുങ്ങുകയായിരുന്നു.
വാഹനങ്ങൾ പെട്ടെന്നു നിർത്താൻ കഴിഞ്ഞതോടെയാണ് വലിയ അപകടസാധ്യത ഒഴിവായത്. അല്പം കൂടി അരികിലേക്കു മാറിയിരുന്നെങ്കിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. മൂന്നു വാഹനങ്ങളും റോഡിൽ നിരന്നതോടെ വഴി പൂർണമായും സ്തംഭിച്ചു. രണ്ടു വശത്തേക്കും കിലോമീറ്ററുകൾ നീളത്തിൽ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. പൊലിസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Kerala
ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അജിമോൻ ബസിലെ ജീവനക്കാരൻ മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജയരാജൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷത്തിലേറെയായി അജിമോൻ ബസിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ 10.15ഓടെ ഡ്യൂട്ടിക്കിടെ ബസുമായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജയരാജൻ വെള്ളം വാങ്ങുന്നതിനായി സമീപത്തെ ബേക്കറിയിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: എറണാകുളത്ത് നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് ബസ് റോഡിൽ നിർത്തി ഡ്രൈവർ പോയത്.
കളമശേരി തേവര റൂട്ടിൽ ഓടുന്ന കൃതിക ബസ് ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് ബസ് നിർത്തിയുള്ള ഡ്രൈവർ ഇറങ്ങിപ്പോയത്. തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പിന്നീട് പോലീസെത്തിയാണ് ബസ് മാറ്റിയിടിച്ചത്.
Kerala
കൊച്ചി: കാര് തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന് മുഹമ്മദ് അന്സാറിനെതിരെ (24) വീണ്ടും കേസ് എടുത്തു. ഓഗസ്റ്റ് 22ന് പടമുഗളില് വച്ച് കാര് തടഞ്ഞ സംഭവത്തില് തൃക്കാക്കര പൊലിസ് ആണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ കച്ചേരിപ്പടിയില് പ്രവാസി മലയാളിയുടെ കാര് തടഞ്ഞതില് നോര്ത്ത് പൊലിസ് കേസ് എടുത്തിരുന്നു.
കാര് തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില് യാത്രക്കാരന് നല്കിയ പരാതിയില് കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണം ഉയര്ന്നിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലിസ് കേസ് എടുത്തത്. അന്സാറിനെ ഉടന് കസ്റ്റഡിയിലെടുക്കാനാണ് പൊലിസിന്റെ നീക്കം.
അതേസമയം, നോര്ത്ത് പൊലിസ് എടുത്ത കേസില് നിസാര വകുപ്പുകള് ചുമത്തി അന്സാറിന് സ്റ്റേഷന് ജാമ്യം നല്കിയിരുന്നു. ഔദ്യോഗിക കൃത്യനിര്വഹണത്തിനിടെ നോര്ത്ത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥന് ആക്രമണത്തിന് ഇരയായിട്ടും പ്രതിയോടു പൊലിസ് മൃദുസമീപനം സ്വീകരിച്ചതില് സേനയ്ക്കുള്ളില് വലിയ അമര്ഷവും പ്രതിഷേധവും ഉയര്ന്നിരുന്നു.
ഓഗസ്റ്റ് ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാര് തടഞ്ഞുനിര്ത്തി യാത്രക്കാരെ വധഭീഷണി മുഴക്കിയ കേസിലാണ് നോര്ത്ത് എഎസ്ഐ സുനില് പി. ജലീലും സിപിഒ അജിലേഷും പ്രതിയെ പിടികൂടാനെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില് വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര് ബസ് തടഞ്ഞു നിര്ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന് ശ്രമിക്കുന്നതിനിടെ, ബസില് വച്ച് എഎസ്ഐ സുനിലിന്റെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്കു വലിച്ചിടുകയും ചെയ്ത ശേഷമാണ് പ്രതി കീഴടങ്ങിയത്.
പൊലിസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില് കര്ശനമായ ജാമ്യമില്ലാ വകുപ്പുകള് ചുമത്താന് വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും കേരള പൊലിസ് ആക്ട് 117(ഇ) എന്ന നിസാരമായ ജാമ്യവകുപ്പ് മാത്രമാണ് നോര്ത്ത് പൊലിസ് എഫ്ഐആറില് ഉള്പ്പെടുത്തിയത്. ഇതു പ്രതിക്കു സ്റ്റേഷനില്നിന്നു തന്നെ വളരെ എളുപ്പത്തില് ജാമ്യം ലഭിക്കാന് വഴിയൊരുക്കി.
പ്രതിക്കെതിരെ 2024ല് ബൈക്ക് മോഷണം, മൊബൈല് ഫോണ് മോഷണം തുടങ്ങി നിരവധി ക്രിമിനല് കേസുകള് നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയായ വ്യക്തിയോടു നോര്ത്ത് പൊലിസ് ഇത്തരം വിചിത്രമായ മൃദുസമീപനം സ്വീകരിച്ചതാണ് സേനയ്ക്കുള്ളില് വിമര്ശനത്തിന് ഇടയാക്കിയത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങിനൽകുന്നതിനായി കോഴിക്കോട്ടെ കാലിക്കട്ട് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവച്ചു.
സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങുന്നത്. കാലിക്കട്ട് സിറ്റി സർവീസ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറും സംഘം പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്.
മാതൃകാപരമായ തീരുമാനത്തിന് മുൻകൈയെടുത്ത എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണനെയും കാലിക്കട്ട് സിറ്റി സർവീസ് സഹകരണ സംഘത്തെയും ഗതാഗത മന്ത്രി സി.പി. ജോൺ അഭിനന്ദിച്ചു.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്.
യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയികുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി.
കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില് പാചകക്കാരനാണ് ഷാനവാസ്.
Kerala
തൃശൂർ: കാറിനു പിന്നിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസിടിച്ചു മരിച്ചു. വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സഹജന്റെയും ശരണ്യയുടെയും മകൻ അനുഗ്രഹ് (20) ആണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ ആദിത്തിനു സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. തൃശൂരിൽനിന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു സഹോദരങ്ങൾ. അയ്യന്തോൾ സിവിൽ ലൈനിനു സമീപമുള്ള രഹാന വില്ലാസിനു സമീപം ജലവിതരണവകുപ്പിന്റെ തുറന്നുകിടന്ന വാൽവ് കുഴി കണ്ടതിനെത്തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്നു ബ്രേക്ക് ചെയ്യുകയും പിന്നാലെയെത്തിയ ഇവരുടെ ബൈക്ക് കാറിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീണ അനുഗ്രഹ്, തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുഗ്രഹിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗതാഗതത്തിരക്കേറിയ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ അപകടഭീഷണി ഉയർത്തുന്ന ഈ കുഴികൾ നേരത്തെയും പലതവണ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലിസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും. സഹോദരി: അമേയ.
Kerala
കൊച്ചി: നഗരമധ്യത്തിൽ മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി യുവാവിന്റെ പരാക്രമം. ബസ് ജീവനക്കാരെയും യാത്രക്കാരെയും ചീത്തവിളിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്ത സംഭവത്തിൽ ഇടക്കൊച്ചി സ്വദേശി അലക്സാണ്ടർക്കെതിരെ എറണാകുളം സെൻട്രൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവങ്ങൾ. നഗരത്തിലൂടെ വന്ന ബസ് തടഞ്ഞുനിർത്തിയ ഇയാൾ, യാതൊരു കാരണവുമില്ലാതെ ഡ്രൈവറോടും കണ്ടക്ടറോടും മോശമായി പെരുമാറുകയായിരുന്നു.
ഇതു ചോദ്യം ചെയ്ത യാത്രക്കാരെയും ഇയാൾ അധിക്ഷേപിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർക്കു നേരെയും അലക്സാണ്ടർ അക്രമം അഴിച്ചുവിടുകയായിരുന്നു.
Kerala
കോഴിക്കോട്: ആറുവരിപ്പാതയിൽ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി റോംഗ് സൈഡിലൂടെ അപകടകരമായി സർവീസ് നടത്തിയ കൃതിക ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡും ചെയ്തു.
ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തിൽ നിർബന്ധിത പരിശീലനം നേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയിൽ തിരക്കേറിയ ആറുവരിപ്പാതയിൽ കൃതിക ബസ് അപകടകരമായി സർവീസ് നടത്തിയത്. തെറ്റായ ദിശയിൽ ഏകദേശം അഞ്ച് കിലോമീറ്ററോളം ബസ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എംവിഡി നടപടി സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചയും കൃതിക ബസ് വിവാദത്തിൽപ്പെട്ടിരുന്നു. പയ്യോളിയിൽ ഇറങ്ങേണ്ട യാത്രക്കാരിയെ സർവീസ് റോഡിലെ സ്റ്റോപ്പിൽ ഇറക്കാതെ രാത്രിയിൽ ആറുവരിപ്പാതയിൽ ഇറക്കിവിട്ടെന്നായിരുന്നു പരാതി. തുടർന്ന് നാട്ടുകാർ കോണി എത്തിച്ചാണ് യാത്രക്കാരിയെ ഹൈവേയിൽനിന്ന് താഴെയിറക്കിയത്.
International
കെയ്റോ: ഈജിപ്തിലെ സിനായിലുണ്ടായ ബസ് അപകടത്തിൽ 16 പേർ മരിച്ചു, 28 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ ദാഹബിനും നുവൈബയ്ക്കും ഇടയിലാണ് ബസ് മറിഞ്ഞത്. മരിച്ചവരിൽ 10 പേർ ജോർദാൻ സ്വദേശികളാണ്. ആകെ 43 പേരുമായാണ് ബസ് യാത്ര തിരിച്ചത്. ഇതിൽ 22 പേർ ജോർദാൻ പൗരന്മാരായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്റി ജില്ലയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്. പ്രതാപ്നഗറിലെ മിശ്രവാൻ സ്വദേശികളായ സന്ദീപ് സിംഗ് (19), അമിത് (19), സോഹൻപാൽ (18) എന്നിവർക്കാണ് പരിക്കേറ്റത്.
ലാംഗ്ഗ്ലാവിൽ നിന്ന് റിഷികേശിലേക്ക് പോവുകയായിരുന്ന ബസും സ്യാൽഗി ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കൾ. സ്കൂട്ടറിൽ മൂന്ന് പേരായിരുന്നു സഞ്ചരിച്ചിരുന്നത്.
വിവരമറിഞ്ഞ ഉടൻ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
National
ന്യൂഡല്ഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനനഗരിയിൽ വീണ്ടും നിർഭയ മോഡൽ പീഡനം. സഞ്ചരിച്ചുകൊണ്ടിരുന്ന സ്ലീപ്പര് ബസില് ഉത്തര്പ്രദേശില്നിന്നുള്ള പതിനാറുകാരിയായ വിദ്യാർഥിനിയാണു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ നാലിനു നടന്ന സംഭവം ഇന്നലെയാണു ഡൽഹി പൊലിസ് പുറത്തുവിട്ടത്.
സംഭവദിവസം രാത്രി ഡല്ഹിയിലെ കാഷ്മീരി ഗേറ്റ് മേഖലയിലുള്ള ഒരു സ്ലീപ്പര് ബസിൽ സംഭവം നടന്നതായാണ് പൊലിസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര് കുല്ദീപ്, കണ്ടക്ടര് സന്ദീപ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഗ്രേറ്റര് നോയിഡയിലെ പരി ചൗക്ക് മുതല് കാഷ്മീരി ഗേറ്റ് ടെര്മിനല് വരെയുള്ള 47 കിലോമീറ്റര് പെണ്കുട്ടിയുമായി ബസ് സഞ്ചരിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. അർധരാത്രിയോടെ കാഷ്മീരി ഗേറ്റിനു സമീപമുള്ള റിംഗ് റോഡില് പെണ്കുട്ടിയെ ഉപേക്ഷിച്ച് പ്രതികള് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഭയന്നുപോയ വിദ്യാര്ഥിനി കാഷ്മീരി ഗേറ്റ് പൊലിസുമായി ബന്ധപ്പെട്ട് വിവരങ്ങള് അറിയിക്കുകയായിരുന്നു.
പൊലിസ് വൃത്തങ്ങള് പറയുന്നതനുസരിച്ച്, ഉത്തര്പ്രദേശിലെ മൈന്പുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാര്ഥിനി വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്ന്ന് വീട്ടില്നിന്നിറങ്ങി നോയിഡയിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെണ്കുട്ടി പരി ചൗക്ക് എന്ന പ്രദേശത്ത് ഇറങ്ങി. തുടര്ന്ന് കനത്ത മഴയില് ഒറ്റപ്പെട്ടുപോയ പെണ്കുട്ടി സഹായത്തിനായി ഒരു സ്ലീപ്പര് ബസിന് കൈ കാണിക്കുകയും ബസ് നിര്ത്തുകയും ചെയ്തു.
നോയിഡ സെക്ടര് 63ലേക്കാണു പോകുന്നതെന്നു പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും പെണ്കുട്ടിയെ ബസില് കയറ്റിയത്. ബസില് മറ്റു യാത്രകാരുണ്ടായിരുന്നില്ല. പെണ്കുട്ടിയുടെ മൊഴിപ്രകാരം ബസ് നീങ്ങിത്തുടങ്ങി അധികം വൈകാതെതന്നെ കണ്ടക്ടര് ലൈംഗികച്ചുവയോടെ മോശമായി പെരുമാറാനും ഡ്രൈവറുമായി ചേര്ന്ന് ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തു.
എതിര്ത്തപ്പോള് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തെന്നും കുട്ടി മൊഴി നൽകിയതായി പൊലിസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുവയസുകാരി ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനി പ്ലസ് വൺ വിദ്യാർഥിനിയാണ് സ്വകാര്യ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരാണ് പിടിയിലായത്.
ബന്ധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട പെൺകുട്ടിക്ക് കനത്ത മഴയെത്തുടർന്ന് വഴി തെറ്റുകയായിരുന്നു. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ എത്തിയ പെൺകുട്ടി റോഡരികിൽ കിടന്നിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയത്. ഈ സമയം ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ഏകദേശം 47 കിലോമീറ്റർ അകലെ ഡൽഹി കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട് പ്രതികൾ കടന്നുകളഞ്ഞു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തിമാപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
District News
വണ്ടിപ്പെരിയാർ: മഞ്ജുമല വില്ലേജ് ഓഫീസിനു സമീപം ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു അപകടം. പശുമല സ്വദേശിയായ ധർമരാജ് ആണ് മരിച്ചത്.
വണ്ടിപ്പെരിയറിൽനിന്ന് 55-ാം മൈലിലേക്ക് പോകുകയായിരുന്ന ധർമരാജ് (45) സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മുന്നിൽ പോകുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിടുകയും എതിരേ വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ധർമരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ധർമരാജിനെ പുറത്തെടുത്തത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പശുമല പേക്കാനം സ്വദേശിയായിരുന്ന ധർമരാജ് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുന്പാണ് 55-ാ മൈലിലേക്കു സ്ഥലം മാറിയത്. വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനല്കും.
National
ഇംഫാല്: നാളുകളായി തുടരുന്ന വംശീയകലാപത്തിൽ നിന്ന് മണിപ്പൂർ മോചിതമാകുന്നുവെന്നതിന്റെ സൂചനകളുമായി ബസ് സർവീസ്. കലാപത്തെത്തുടർന്ന് മൂന്നുവർഷമായി മുടങ്ങിക്കിടന്ന ഇംഫാൽ-ഗോഹട്ടി ബസ് സർവീസ് വീണ്ടും ചലച്ചുതുടങ്ങി.
നാഗാലാന്ഡിലെ ദിമാപുര് വഴിയുള്ള സർവീസ് മണിപ്പുരിലെ പ്രശ്നബാധിത മേഖകളെ സ്പർശിച്ച് കടന്നുപോവുകയായിരുന്നു.
ആദ്യസര്വീസില് 125 പേര് യാത്രചെയ്തുവെന്ന് സംസ്ഥാന സര്ക്കാര് അറിയിച്ചു. രണ്ട് ബസുകളിലും നാല് വാനുകളിലുമായാണ് ഇവര് യാത്ര ചെയ്തത്.
കാങ്പോക്പി, സേനാപതി ജില്ലകളില് തടസങ്ങളൊന്നുമില്ലാതെ വാഹനം കടന്നുപോയതു ശുഭസൂചനയായി യാത്രക്കാർ പറയുന്നു. സമാധാനത്തിന് ഇത്തരം ശ്രമങ്ങള് അനിവാര്യമാണെന്ന അഭിപ്രായവും യാത്രക്കാർ പങ്കുവച്ചു.
Kerala
തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പേരയം മീൻമുട്ടി ചൂടൽ മഞ്ചു സദനത്തിൽ കിരൺ (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയ ചൂടൽ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും പനവൂർ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ് കിരൺ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.
Kerala
മലപ്പുറം: കെഎസ്ആർടിസിബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശിയായ വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്ന് പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: സ്വകാര്യ ബസില് നിന്നും തെറിച്ചുവീണ് വിദ്യാര്ഥിക്ക് പരിക്ക്. തോപ്പുംപടിക്ക് സമീപം എടിഎസ് ജംഗ്ഷനിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ പതിനാലു വയസുകാരൻ ആശുപത്രിയിൽ ചികിത്സതേടി. ബസിന്റെ പിന്വശത്തെ വാതിലില് കൂടി പുറത്തേക്ക് വീണ വിദ്യാര്ഥിയുടെ തോളെല്ലിന് പരിക്കേറ്റു.
അപകടസമയത്ത് ബസിന്റെ പിന്വശത്തെയും മുന്വശത്തെയും വാതിലുകള് തുറന്നു കിടക്കുകയായിരുന്നു. വിദ്യാര്ഥി വീഴുന്നത് ശ്രദ്ധയില് പെട്ടിട്ടും ബസ് നിര്ത്താതെ പോയെന്നും വിദ്യാര്ഥിയെ ആശുപത്രിയില് എത്തിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള് ഹാര്ബര് പോലീസില് പരാതി നല്കി.
പരാതിയില് ബസ് ജീവനക്കാര്ക്കെതിരെ പോലീസ് കേസ് എടുത്തു. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഡോർ തുറന്നിട്ട് അമിതവേഗത്തിൽ പായുന്നുണ്ടെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
District News
മങ്കൊമ്പ്: നിറയെ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലെ കുഴിയിലേക്കു ചരിഞ്ഞത് പരിഭ്രാന്തി പരത്തി. യാത്രക്കാരെല്ലാം പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ 7.50-നായിരുന്നു സംഭവം. കാവാലം-ചങ്ങനാശേരി ബസ് കുമരംകരി പറമ്പടി പൊന്നാംപാക്ക പാടശേഖരത്തിനു നടുവിലുള്ള റോഡിൽ വച്ച് വെള്ളക്കെട്ടിലേക്ക് ചരിയുകയായിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിത ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്.
നിർമാണത്തിലിരിക്കുന്ന റോഡിന്റെ വശത്തെ കുഴിയിൽ വീണ് പിൻചക്രം പൊട്ടിയതാണ് അപകടകാരണം. കുമരംകരിയിലെത്തുമ്പോൾ വിദ്യാർഥികളടക്കം നൂറ്റിയിരുപതോളം യാത്രക്കാരും ബസിലുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് അലമുറയിട്ട സ്ത്രീകളടക്കമുള്ള യാത്രക്കാരേ സുരക്ഷിതരായി പുറത്തിറക്കിയശേഷം ഏറെ പണിപ്പെട്ടാണ് ജീവനക്കാർ കുമരംകരി ക്ഷേത്രത്തിനു സമീപമുള്ള സ്റ്റോപ്പിലേക്ക് ബസെത്തിച്ചത്.
പ്രളയത്തിനു മുൻപു വാലടി-മുളയ്ക്കാംതുരുത്തി റോഡിലൂടെ സർവീസ് നടത്തിയിരുന്ന ബസുകളാണിപ്പോൾ കുമരംകരി-പറാൽ റൂട്ടിലൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നത്.
Kerala
മങ്കൊമ്പ്: കുമരംകരിയിൽ കെഎസ്ആർടിസി ബസ് പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു ചെരിഞ്ഞു. ഇന്നു രാവിലെ 7.50നാണ് സംഭവം. കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്കുള്ള കെഎസ്ആര്ടിസി ബസ് കുമരംകരിയില്വച്ച് പറമ്പടിപൊന്നാംപാക്ക പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു അപകടകരമാംവിധം ചെരിയുകയായിരുന്നു.
എന്നാൽ, ജീവനക്കാരും യാത്രക്കാരും അവസരോചിതമായ ഇടപെട്ടതിനാല് അനിഷ്ടസംഭവങ്ങളൊഴിവായി. കുഴിയില്ചാടി പിന്ചക്രത്തിന്റെ ടയര് പൊട്ടിയതാണ് അപകടകാരണം.
കെഎസ്ടിപിയുടെ വീയപുരം-തുരുത്തി റോഡുനവീകരണ പദ്ധതിയുടെ ഭാഗമായുള്ള മിനി പൈപ്പുകലുങ്കിന്റെ നിര്മാണം നടക്കുമ്പോള് വാഹനങ്ങള്ക്കു കടന്നുപോകാനായി നിര്മിച്ചിരിക്കുന്ന താത്കാലിക ബൈപാസ് റോഡിലെ കുഴിയാണ് അപകടത്തിനിടയാക്കിയത്.
കുമരംകരിയിലെത്തുമ്പോള് വിദ്യാര്ഥികളടക്കം നൂറ്റിയിരുപതോളം യാത്രക്കാര് തിങ്ങിനിറഞ്ഞ് ബസിനുള്ളിലുണ്ടായിരുന്നു. അലറിക്കൂവിയ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയശേഷം ഏറെ പണിപ്പെട്ടാണ് ജീവനക്കാര് കുമരംകരി ക്ഷേത്രത്തിനു സമീപമുള്ള സ്റ്റോപ്പിലേക്ക് ബസ് എത്തിച്ചത്.
വിദ്യാര്ഥികളുടെയും തൊഴിലാളികളുടെയുമൊക്കെ യാത്ര മുടങ്ങാതിരിക്കുന്നതിനായി ഡ്രൈവര് വിനോദ് കുമാര് ബസ് പറാല് പള്ളിക്കു സമീപം എത്തിച്ച് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ വരുന്ന കാവാലം ലിസ്യൂവില്നിന്നുള്ള ബസില് കൂടുതല് തിരക്കായിരിക്കുമെന്നതിനാല്, പറാല്വരെയെങ്കിലുമെത്തിക്കാന് ജീവനക്കാര് കാട്ടിയ സന്മനസ് യാത്രക്കാര്ക്ക് അനുഗ്രഹമായി.
വെള്ളപ്പൊക്കത്തിനു മുന്പു വരെ വാലടി- മുളയ്ക്കാംതുരുത്തി റോഡിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ബസ്സുകളാണിപ്പോള് കുമരംകരി- പറാല് റൂട്ടിലൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നത്.
കെഎസ്ടിപി പദ്ധതിയുടെ തന്നെ ഭാഗമായി വാലടിറോഡില് നിര്മ്മിച്ചിട്ടുള്ള മിനിപൈപ്പുകലുങ്കുകളിൽ ഒരെണ്ണത്തിന്റെ അപോച്ച് റോഡ് മക്കടിച്ചു പൊക്കാത്തതിനാലും, അവിടെ താത്കാലികമായി നിര്മിച്ചിട്ടുള്ള ബൈപാസ് റോഡിന്റെ അവസ്ഥ മോശമായതിനാലുമാണ് അതുവഴിയുള്ള കെഎസ്ആര്ടിസി സര്വീസുകളിപ്പോള് നിര്ത്തിവച്ചിരിക്കുന്നത്.
106.4 കോടി രൂപ ചെലവഴിച്ചുള്ള കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ വാലടി- മുളയ്ക്കാംതുരുത്തി റോഡിലെ നിര്മാണപ്രവര്ത്തനങ്ങള് എസിറോഡിലെ 880.74 കോടിയുടെ നവീകരണത്തിന്റെ മാതൃകയിലാണു നടക്കുന്നത്. ഉയരപ്പാതകളും കൃഷിക്കുവേണ്ടിയുള്ള പമ്പിംഗ് നടന്നുവന്നിരുന്ന പാടശേഖരപ്രദേശങ്ങളും ഒഴികെയുള്ള, എസി റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില് വെള്ളംകയറി ഗതാഗതം മുടങ്ങിയിരുന്നു.
ഇതേ പോലെ വാലടി റോഡിലൂടെ വെള്ളത്തില് നീന്തിക്കയറി മുളയ്ക്കാംതുരുത്തിയിലെത്തിയാണ് രോഗികളുള്പ്പെടെയുള്ള അത്യാവശ്യക്കാര് ഇക്കഴിഞ്ഞ വെള്ളപ്പൊക്കദിനങ്ങളില് യാത്രചെയ്തത്.
റോഡുപണി പൂര്ത്തിയാക്കാന് വൈകുന്നതുമൂലം വര്ഷങ്ങളായി ഇതുവഴി യാത്രചെയ്യുന്നവരെല്ലാം ദുരിതത്തിലാണ്. നവീകരണത്തിനു മുന്പ് റോഡിനുണ്ടായിരുന്ന സൗകര്യങ്ങളിലൊന്നും കാര്യമായ വര്ദ്ധനവില്ലാതെവരുകയും, വെള്ളപ്പൊക്കംപോലുള്ള സാഹചര്യങ്ങളില് ഉപയോഗിക്കാനാവാതിരിക്കുകയുമൊക്കെ ചെയ്താല്; പൊതുഖജനാവില് നിന്നും കോടികള് ചെലവഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമെന്നാണ് നാട്ടുകാരിപ്പോള് ചോദിക്കുന്നത്.
കോടികളുടെ പദ്ധതിയായതിനാല് ഉടനെയൊന്നും പുതിയൊരു പദ്ധതിക്ക് അനുമതി ലഭിക്കാനിടയില്ലെന്നും അവര് ചൂണ്ടിക്കാട്ടുന്നു. ഒന്നോരണ്ടോ ദിവസം മഴപെയ്താല് വെള്ളക്കെട്ടിലാകുന്ന കുട്ടനാടന് പാടശേഖരങ്ങള്ക്കുള്ളിലെ റോഡുകള്ക്കുവേണ്ടി ആവിഷ്കരിച്ച പദ്ധതി, പ്രാദേശിക പ്രത്യേകതകളൊന്നും പരിഗണിക്കാതെ രൂപകല്പ്പന ചെയ്തത് ആര്, എങ്ങനെ തുടങ്ങിയ വിശദാംശങ്ങളൊന്നും തങ്ങള്ക്കറിയില്ലെന്നാണ് നാട്ടുകാര് പറയുന്നത്.
എന്തായാലും വെള്ളം പൊങ്ങുമ്പോഴെല്ലാം, ആശുപത്രിയുള്പ്പെടെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ദിവസങ്ങളോളം വെള്ളക്കെട്ടില് കുടുങ്ങുന്ന അവസ്ഥയും ആരോഗ്യ ശുചിത്വ പ്രശ്നങ്ങളുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വാലടിയിലേതിലും ദയനീയമായ അവസ്ഥയിലുള്ള വെള്ളക്കെട്ടാണ്, മുളയ്ക്കാംതുരുത്തി- കാവാലം റോഡിന്റെ കിഴക്കേചേന്നംകരികലുങ്കുവരെയുള്ള ഭാഗങ്ങളിലുണ്ടായിരുന്നത്. കുറിച്ചി- കാവാലം റോഡിലെ ഈരമുതലുളള ഭാഗങ്ങളും വെള്ളത്തിലാകുന്നതു പതിവാണ്. വെള്ളത്തിലൂടെ വണ്ടിയോടി വാഹനങ്ങളും റോഡുകളും തകരാറിലാകുന്നതുമൂലമുള്ള നഷ്ടങ്ങളും, അപകടസാധ്യതകളുമെല്ലാം വളരെ വലുതാണ്.
ഇത്തരത്തില് വന് ദുരന്തമായി കലാശിക്കാമായിരുന്ന അപകടമാണ് കുമരംകരിയിൽ ഇന്ന് ഒഴിവായത്. റോഡുകള് നവീകരിക്കുമ്പോള് എംഎഫ്എലിന്റെ (മാക്സിമം ഫ്ളെഡ് ലെവല്) അടിസ്ഥാനത്തില് ഉയര്ത്തിപ്പണിയണമെന്നാണ് നാട്ടുകാര് ആവശ്യപ്പെടുന്നത്. ഏതാനും വര്ഷം മുന്പ് എസിറോഡിലടക്കം വെള്ളംകയറി ഗതാഗതം മുടങ്ങിയപ്പോഴും, പാടശേഖരങ്ങളില് പമ്പിംഗ് ഉണ്ടായിരുന്നതിനാല് കാവാലം സെക്ടറില് കെഎസ്ആര്ടിസി സര്വീസുകളടക്കം സുഗമമായി നടന്നതിനെ മാതൃകയാക്കി, സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാവശ്യമായ സ്ഥിരം പദ്ധതികളാവിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ശൃംഖലയായുള്ള പാടശേഖരങ്ങള്ക്കുള്ളിലൂടെയുള്ള കുട്ടനാടന് റോഡുകള്, കൃഷിയില്ലാത്ത മഴക്കാലത്ത് നിരന്തരംവെള്ളക്കെട്ടില് മുങ്ങിക്കിടന്നു തകരുന്നതിപ്പോള് പതിവാണ്. ഇതുള്പ്പെടെയുള്ള വെള്ളക്കെട്ടുദുരിതങ്ങളൊഴിവാക്കുന്നതിനായി നീലംപേരൂര് ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപാ വകയിരുത്തി നിയന്ത്രിതപമ്പിംഗ് വാര്ഷികപദ്ധതിയില് ഉള്പ്പെടുത്തിയിരുന്നു.
2025 ഡിസംബര് 31ലെ മന്ത്രിസഭായോഗം ദുരിതനിവാരണത്തിനായുള്ള പമ്പിംഗിന് തുകയനുവദിക്കാന് ആലപ്പുഴ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു കുട്ടനാടന് പ്രദേശങ്ങളെ അപേക്ഷിച്ച് നീലംപേരൂര് പഞ്ചായത്തില് ഒഴുക്കിന്റെ ശക്തിയും വെള്ളത്തിന്റെ തള്ളലും താരതമ്യേനെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.
ഇത്തരത്തില് സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും, വാലടി- കാവാലം റോഡ് കടന്നുപോകുന്ന നീലംപേരൂര് പഞ്ചായത്തിലെ പാടശേഖരങ്ങളിലൊന്നും നിയന്ത്രിതപമ്പിംഗ് നടപ്പായില്ല. പാടശേഖരസമിതികളുടെ ഔദാര്യത്തില് മാത്രം ആശ്രയിച്ചാല് പദ്ധതി നടപ്പാകില്ലെന്നതാണ് നീലംപേരൂരിലെ അനുഭവത്തില് നിന്നും വ്യക്തമാകുന്നത്.
കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ മിനിപൈപ്പു കലുങ്കുകള് സഞ്ചാരയോഗ്യമാക്കണമെന്നും, മുളയ്ക്കാംതുരുത്തി-വാലടി റോഡിലെ കെഎസ്ആര്ടിസി സര്വീസുകള് പുനരാംരംഭിക്കുന്നതിനുള്ള നടപടികള് അടിയന്തിരമായി സ്വീകരിക്കണമെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷന് കുട്ടനാട് മേഖലാ പസിഡന്റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു.
Kerala
കോട്ടയം: കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു.
കാളികാവിൽ എംസി റോഡിൽ ആണ് അപകടം ഉണ്ടായത്. കളത്തൂർ സ്വദേശി തെക്കേകല്ലാലിക്കുന്നേൽ തോംസൺ ജോർജ് (50) ആണ് മരിച്ചത്.
Kerala
കോട്ടയം: മണര്കാട്ട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. അയര്ക്കുന്നം കൊങ്ങാണ്ടൂര് വാലുമ്മേല്ക്കുന്നേല് വീട്ടില് ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴോടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലാണ് അപകടമുണ്ടായത്. അയര്ക്കുന്നത്ത് നിന്ന് മണര്കാട് കവലയിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് തെന്നിവീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
അപകടത്തില് ഗുരുതരമായി പരിക്കേറ്റ ശ്രീദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവത്തില് മണര്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേയ്ക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്.
സ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് യാത്രക്കാർ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ഇടിച്ചതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലെത്തിയശേഷമുള്ള സർവീസിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ശക്തമായി ഇടിക്കുകയായിരുന്നു.
National
ബംഗളൂരു: ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകൾ കത്തിനശിച്ചു. സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.
നിർത്തിയിട്ടിരുന്ന ഒരു ബസിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് ബസുകളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കായംകുളം: കായംകുളം-പുനലൂർ കെപി റോഡിൽ രാത്രിയിൽ ബസ് സർവീസില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാരുംമൂട് വഴിയുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ നിർത്തലാക്കിയതോടെയാണ് രാത്രികാല യാത്രാക്ലേശം രൂക്ഷമായത്.
പകൽ 15 മിനിറ്റ് ഇടവേളകളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് ഉണ്ടെങ്കിലും രാത്രിയായാൽ യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയാണ്. സന്ധ്യയോടെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നതോടെ കായംകുളത്തുനിന്ന് അടൂർ ഭാഗത്തേക്കു ബസില്ലാത്ത സ്ഥിതി യാണ്.
അടൂർ, പുനലൂർ, പന്തളം, താമരക്കുളം, ചക്കുവള്ളി സ്റ്റേ ബസുകൾ കോവിഡ് കാലത്ത് കെഎസ്ആർടിസി നിർത്തിയതോടെയാണ് രാത്രികാല യാത്ര ദുരിതം തുടങ്ങിയത്. എന്നാൽ, അടൂരിൽനിന്നു കായംകുളം ഭാഗത്തേക്ക് രാത്രി 10.30 വരെ ബസുണ്ട്. കായംകുളം-പുനലൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻസർവീസ് നടത്തുന്നുണ്ട്. എന്നാൽ, രാത്രി 7.30നുശേഷം കായംകുളത്തുനിന്ന് അടൂരിന് ഒന്നോ രണ്ടോ ബസുകൾ മാത്രമാണുള്ളത്. രാത്രി 8.40നുശേഷം ഈ റൂട്ടിൽ ബസൊന്നുമില്ല. മുമ്പ് രാത്രി 10.15വരെ ബസുണ്ടായിരുന്നതാണ്.
തിരക്കേറിയ റൂട്ടുകളിലൊന്നാണ് കായംകുളം-പുനലൂർ കെപി റോഡ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും ഓർഡിനറി സർവീസുകളാണ്. രാത്രി ബസ് സർവീസ് ഇല്ലാത്തത് രാത്രി ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാരുൾപ്പടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. കായംകുളം-പുനലൂർ റൂട്ടിൽ കൂടുതൽ ഓർഡിനറി ബസുകൾ തുടങ്ങുകയും രാത്രികാല സ്റ്റേ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ആരംഭിച്ചതോടെ കായംകുളം-അടൂർ-പുനലൂർ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കായംകുളം-പുനലൂർ-തെങ്കാശി റൂട്ടിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.
International
ഡമാസ്കസ്: സിറിയയിൽ ബസുകൾ കൂട്ടിയിടിച്ച് 35 പേർ മരിച്ചു. 30 പേർക്കു പരിക്കേറ്റു.
ഡമാസ്കസിനെയും കിഴക്കൻ പ്രവിശ്യയായ ദെയ്ർ- എൽ-സൗറിനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലായിരുന്നു അപകടം.
യാത്രാബസും ആഭ്യന്തര മന്ത്രാലയത്തിന്റെ ബസുമാണ് കൂട്ടിയിടിച്ചതെന്ന് സന വാർത്താ ഏജൻസി അറിയിച്ചു. സൈനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ ബസിനകത്ത് യാത്രക്കാരിയോട് യുവാവ് അപമര്യാദയായി പെരുമാറി. ബംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം.
ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി സ്പർശിച്ചെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് റോഡരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ യുവാവിനെ ആക്രമിച്ചു. പ്രതി ഓടിപ്പോകാതിരിക്കാൻ ബസിന്റെ വാതിലുകൾ അടച്ചു.
മോശമായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്ത യുവതി ഇയാളുടെ മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. തുടര്ന്ന് ഡ്രൈവർ തന്റെ സീറ്റിൽ കയറി നിന്ന് യുവാവിനെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. മർദനത്തിനിടെ പ്രതിയുടെ ഷർട്ട് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
സംഭവത്തിന് ശേഷം യുവാവ് മാന്യത ടെക് പാർക്ക് ബസ് സ്റ്റോപ്പിലും, പരാതിക്കാരിയായ യുവതി ബാബുസാപാളയ സ്റ്റോപ്പിലും ഇറങ്ങിപ്പോയി. നിലവിൽ പോലീസിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ജഗിത്യാൽ ജില്ലയിലെ തെലുങ്കാന സർക്കാരിന്റെ ബസ് മോഷ്ടിച്ച യുവാവ് പിടിയിൽ. കൊരുട്ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുമായി കെ. സാംബയ്യ (35) എന്നയാളാണ് പിടിയിലായത്. അമിതവേഗത്തിൽ ബസ് ഓടിച്ച ഇയാളെ 18 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
ബസിന്റെ ഡ്രൈവറും കണ്ടക്ടറും മാറിയ സമയം നോക്കിയാണ് സാംബയ്യ ബസിലേക്ക് കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ വാഹനം അമിതവേഗത്തിൽ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.
ബസ് കടത്തിക്കൊണ്ടുപോകുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഡിപ്പോ മാനേജരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് ഏഴോളം പോലീസ് വാഹനങ്ങൾ ബസിനെ പിന്തുടർന്നു.
അപകടരമായരീതിയിൽ ബസ് ഓടിച്ച യുവാവ് ഇതിനിടെ മൂന്ന് ബൈക്കുകൾ ഇടിച്ചിട്ടു. ബസ് തടയാൻ ശ്രമിച്ച പോലീസ് വാഹനത്തിലും ഇടിപ്പിച്ചു. പലയിടങ്ങളിൽവച്ചും പോലീസ് കൈകാണിച്ച് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിർത്തിയില്ല.
ഒടുവിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. റോഡരികിൽ ഇടിച്ചുനിന്ന ബസിൽ നിന്ന് ഇറങ്ങി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച സാംബയ്യയെ പോലീസ് പിടികൂടി. അപകടത്തിൽ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ പോലീസും തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട കെ.എസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
ബുധനാഴ്ച രാവിലെ 11ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന 'പ്രിയദർശിനി' ബസിനാണ് ചുരത്തിലെ എട്ടാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. മാനന്തവാടിയിലേക്ക് മുൻപ് പുറപ്പെട്ട മറ്റൊരു ബസ് വഴിയരികിൽ കേടായതിനെ തുടർന്ന്, അതിലെ യാത്രക്കാരെയും ഈ ബസിലേക്ക് കയറ്റിയിരുന്നു. ഇതോടെ 54 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ
150-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അമിതഭാരം മൂലം കയറ്റം കയറുന്നതിനിടെ ബസിന്റെ ബ്രേക്ക് തകരാറിലാവുകയും വാഹനം പിന്നോട്ട് നീങ്ങുകയുമായിരുന്നു. ഇതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയും കൂട്ട നിലവിളിയും ഉയർന്നു. ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ സമചിത്തത കൈവിടാതെ ബസ് റോഡരികിലെ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാലപ്പഴക്കം ചെന്ന ബസുകളാണ് ചുരം പാതയിൽ സർവീസ് നടത്തുന്നതെന്നും പരാതിയുണ്ട്.
District News
വടക്കാഞ്ചേരി: വിദ്യാർഥികളോട് സ്വകാര്യ ബസ് ജീവനക്കാർ കാണിക്കുന്ന ക്രൂരത വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അതിരുകടക്കുന്നു. കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ വഴിയാധാരമാക്കുന്ന സംഭവം പതിവായതോടെ, കഴിഞ്ഞദിവസം വിദ്യാർഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിനൽകി.
തൃശൂർ, തിരൂർ ഭാഗങ്ങളിലെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളോടാണ് രാവിലെ 7.30നും 8.20 നും ഇടയിലുള്ള സമയത്ത് ബസ് ജീവനക്കാരുടെ അതിക്രമം. ദിവസങ്ങളായി ഈ ദുരിതം തുടരുകയാണ്. ബസ് വരുമ്പോൾ പിൻവാതിൽ ബലമായി അടച്ചുപിടിച്ചും, പടിയിൽ കയറാൻ അനുവദിക്കാതെ കണ്ടക്ടർമാർ തടഞ്ഞുനിർത്തിയുമാണ് കുട്ടികളെ വലയ്ക്കുന്നത്. കഴിഞ്ഞദിവസം ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും ബസ് ജീവനക്കാർ കയറ്റാത്തതിനെ തുടർന്ന് 11 വിദ്യാർഥികൾക്കാണ് സ്കൂളിൽ പോകാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടിവന്നത്.
മുന്പും വടക്കാഞ്ചേരിയിൽനിന്ന് വിദ്യാർഥികളെ കയറ്റാത്ത വിഷയം വലിയ വാർത്തയാവുകയും സംസ്ഥാനതലത്തിൽതന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. അന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഏതാനും ദിവസം മാന്യമായി പെരുമാറിയ ജീവനക്കാർ, വീണ്ടും പഴയ തന്നിഷ്ടത്തിലേക്ക് മടങ്ങുകയായിരുന്നു.
നിയമം കാറ്റിൽപ്പറത്തുന്ന ബസുകളുടെ വ്യക്തമായ വിവരങ്ങൾ അടക്കമാണ് രക്ഷിതാക്കളും വിദ്യാർഥികളും പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിലെത്തിയ ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. കുട്ടികളോട് വിവേചനം കാട്ടിയാൽ വിട്ടുവീഴ്ചയില്ലാതെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് കടക്കുമെന്ന് എഎംവിഐമാരായ ഷീബ, സെന്തിൽ എന്നിവർ വ്യക്തമാക്കി.
National
ചെന്നൈ: ചെന്നൈയിൽ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. തീ ആളിപ്പടരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ബസിൽ നിന്ന് പുറത്തിറങ്ങിയതിനാൽ ഉള്ളിലുണ്ടായിരുന്ന 23 യാത്രക്കാരും അത്ഭുതകമായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് പെരമ്പലൂരിൽ എത്തിയപ്പോൾ ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. പുക വരുന്നത് കണ്ട ഡ്രൈവർ ഇബ്രാഹിം ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തിയിട്ട ശേഷം ഉറങ്ങിക്കിടന്ന യാത്രക്കാരെ ഉണർത്തി. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ തന്നെ മുൻഭാഗത്ത് നിന്ന് തീ അതിവേഗം പടർന്നുപിടിച്ചു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോഴേക്കും പൂർണമായും തീപിടിച്ച നിലയിലായിരുന്നു. ഏഴ് മണിയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: തൃശൂർ ഒല്ലൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലിടിച്ചു. ചേർത്തല സ്വദേശിയായ ഡ്രൈവർ രഞ്ജിത്തിന്റെ കാൽമുട്ട് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30ന് മരത്താക്കരയിൽ വച്ചാണ് അപകടമുണ്ടായത്.
ബസിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. എറണാകുളത്ത് നിന്ന് പഴനിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് പിടിയിലായത്.
അതിക്രമത്തിന് ഇരയായ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നാണ് പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് വലയിലാക്കിയത്. ചങ്ങരംകുളം - കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം.
യാത്രക്കാരുടെ തിരക്ക് മുതലെടുത്താണ് പ്രതി മുർഷിദ് അതിക്രമത്തിന് മുതിർന്നത്. ബസിനുള്ളിൽ വച്ചുതന്നെ പ്രതിയുടെ മോശം പെരുമാറ്റത്തെ യുവതി ചോദ്യം ചെയ്തിരുന്നു. തുടർന്ന് യാത്ര അവസാനിച്ചയുടൻ തന്നെ ഇവർ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഐപിസിയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ചങ്ങരംകുളം സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അതിവേഗം പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കി വരുന്നു.
Kerala
കൊച്ചി: ബസില് നിന്നും വിദ്യാര്ഥി തെറിച്ചു വീണ സംഭവത്തില് കേസെടുത്ത് മുനമ്പം പോലീസ്. പറവൂര്-വൈപ്പിന് റൂട്ടില് സര്വീസ് നടത്തുന്ന സുല്ത്താന് എന്ന ബസിന്റെ ഡ്രൈവര്ക്കെതിരേയാണ് കേസ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം 4.26ന് ചെറായി പള്ളി ബസ്സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. സ്റ്റോപ്പ് എത്തുംമുമ്പേ ഡ്രൈവര് ബസിന്റെ ഓട്ടോമാറ്റിക് ഡോര് തുറന്നതിനെ തുടര്ന്ന് സ്റ്റോപ്പില് ഇറങ്ങാന് തയാറായി നിന്ന വിദ്യാര്ഥി ബസില് നിന്നു പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പറവൂര് ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ഥിയായ ചെറായി പെട്ടിക്കാട്ടില് സുബിയുടെ മകന് സായന്ത് (12) ആണ് വീണത്.
കുട്ടിയെ പിന്നീട് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. താടിയെല്ലിനും മുഖത്തും കണ്ണിന്റെ ഭാഗത്തും പരിക്കുണ്ട്. സംഭവത്തിന് ശേഷം ബസ് നിര്ത്തിയെങ്കിലും കുട്ടിയെ ആശുപത്രിയില് എത്തിക്കാതെ കടന്നുകളഞ്ഞതും സംഭവം പോലീസില് അറിയിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് പറഞ്ഞു.
Kerala
ചാത്തന്നൂര്: വിദ്യാര്ഥികളുടെ ബസ് കണ്സഷന് ചട്ടങ്ങളില് നിര്ണായക ഭേദഗതി വരുത്തി മോട്ടോര് വാഹന വകുപ്പ്. പ്രായപരിധിയും സഞ്ചരിക്കാവുന്ന ദൂരപരിധിയും വര്ധിപ്പിച്ചു. സമയ ക്ലിപ്തതയും വരുത്തി. ഫുള് ടൈം വിദ്യാര്ഥികള്ക്ക് ഇത് ആശ്വാസമാണ്.
വിദ്യാര്ഥികളുടെ കണ്സഷന് പ്രായപരിധി 24ല് നിന്ന് 27 വയസായി ഉയര്ത്തിയതോടൊപ്പം, കണ്സഷന് ലഭിക്കുന്ന യാത്രാപരിധി 40 കിലോമീറ്ററായും വര്ധിപ്പിച്ചു. രാവിലെ ആറു മുതല് വൈകുന്നേരം ഏഴുവരെ വിദ്യാര്ഥികള്ക്ക് കണ്സഷന് നിരക്കില് യാത്ര ചെയ്യാം.
വിദ്യാര്ഥികളും ബസ് ജീവനക്കാരും തമ്മില് കണ്സഷനെ ചൊല്ലി പതിവായി ഉയരുന്ന തര്ക്കങ്ങള് പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതര് വ്യക്തമാക്കി.
എന്നാല്, സര്ക്കാര് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്സമയ വിദ്യാര്ഥികള്ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ക്രാഷ് കോഴ്സുകളും പാര്ട്ട് ടൈം കോഴ്സുകളും പഠിക്കുന്നവര്ക്ക് കണ്സഷന് അര്ഹതയുണ്ടാകില്ല.
കണ്സഷന് കാര്ഡ് വിതരണത്തില് കൂടുതല് സുതാര്യത ഉറപ്പാക്കുന്നതിനായി ഇനി മുതല് അപേക്ഷാ നടപടികള് പൂര്ണമായും ഓണ്ലൈനിലേക്കാണ് മാറ്റുന്നത്. ‘MVD LEADS’ മൊബൈല് ആപ്പ് വഴിയാണ് വിദ്യാര്ഥികള് അപേക്ഷിക്കേണ്ടത്. ആപ്പില് രജിസ്റ്റര് ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്ഥികള്ക്കു മാത്രമേ കണ്സഷന് അനുവദിക്കൂ.
National
ഹൈദരാബാദ്: മദ്യലഹരിയിൽ സ്റ്റാന്ഡിൽ കിടന്ന ബസുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. പാലകുർത്തി മണ്ഡലിലെ ചെന്നൂര് സ്വദേശി ജിട്ടബോയിന വെങ്കണ്ണയാണ് പോലീസിന്റെ പിടിയിലായത്. ജങ്കാവ് ബസ് സ്റ്റാൻഡിൽ നിന്ന് ആർടിസി ബസ് ആണ് മോഷ്ടിച്ച് 21 കിലോമീറ്ററോളം ഇയാൾ ഓടിച്ചത്. ഒടുവിൽ ടോൾ പ്ലാസയിൽ ഇടിച്ചാണ് വാഹനം നിർത്തിയത്.
മദ്യലഹരിയിലായിരുന്ന വെങ്കണ്ണ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ആർടിസി ബസുമായി കടന്നുകളയുകയായിരുന്നു. ഡ്രൈവർ ബസിന്റെ താക്കോൽ ബസിനുള്ളിൽ തന്നെ മറന്നുവച്ച് പോയിരുന്നുവന്ന് പോലീസ് പറഞ്ഞു. ആ സാഹചര്യത്തിലാണ് ഇയാൾ ബസുമായി കടന്നുകളഞ്ഞത്.
ബസുമായി പ്രതി സൂര്യപേട്ട് ഭാഗത്തേയ്ക്ക് ആണ് സഞ്ചരിച്ചത്. ഏകദേശം 21 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം ദേവരുപ്പള മണ്ഡലിലെ സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തുകയും, അവിടെയുള്ള സിമന്റ് ബ്ലോക്കിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ടോൾ ഗേറ്റ് ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Kerala
പാലക്കാട്: കെഎസ്ആര്ടിസി പ്രിയദര്ശനി ബസില് നിന്നു തെറിച്ചുവീണ് കണ്ടക്ടര്ക്ക് പരിക്ക്. ആലത്തൂര് വാനൂര് സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള് ഡോര് തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില് ഏകദേശം 130 അധികം യാത്രക്കാര് ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില് ബസ് നിര്ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില് നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില് നിന്നും കണ്ടക്ടര് മുന്വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര് അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര് അറിയാതെ തുറന്നതാവാം കണ്ടക്ടര് താഴെ വീഴാന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
National
ബംഗളൂരു: ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) ബസ് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ഓടിച്ച സംഭവത്തിൽ ഡ്രൈവർ അടക്കം മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ബസിന്റെ ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 15 ദിവസമായി ബസിന്റെ ഹെഡ്ലൈറ്റ് പൊട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.
ലൈറ്റ് പൊട്ടി രണ്ട് ആഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ സർവീസ് തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. കലബുറഗി- ചിൻചോലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് കാട്ടുകയും ഈ വെളിച്ചത്തിൽ ബസ് യാത്ര തുടരുകയുമായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സർവീസ് നടത്തിയതിനാണ് അധികൃതർ നടപടി സ്വീകരിച്ചത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും കോർപ്പറേഷന്റെ ചട്ടങ്ങൾ ലംഘിച്ചതിനുമാണ് നടപടിയെന്ന് കെകെആർടിസി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബസുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ ഡിപ്പോ മാനേജർമാർക്കും സാങ്കേതിക ജീവനക്കാർക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് കാലപ്പഴക്കത്തെത്തുടർന്ന് പൊളിച്ചുനീക്കണമെന്ന് വിജിലൻസ് ആർപ്പൂക്കര പഞ്ചായത്തിന് നോട്ടീസ് നൽകിയതിനെത്തുടർന്ന് താത്കാലിക വിശ്രമകേന്ദ്രം ഒരുക്കി. നിലവിലുള്ള ബസ് സ്റ്റാൻഡിന് എതിർവശത്തായാണ് വിശ്രമകേന്ദ്രം ഒരുക്കിരിക്കുന്നത്.
എന്നാൽ നിലവിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം അടച്ചുകെട്ടാത്തതിനാൽ യാത്രക്കാർ പഴയ കെട്ടിടത്തിലാണ് ബസ് കാത്ത് നിൽക്കുന്നത്. സ്റ്റാൻഡ് അപകടാവസ്ഥയിലാണെന്നും ഇവിടെ യാത്രക്കാർ നിൽക്കരുതെന്നും ഫ്ലെക്സ് പതിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഇത് ശ്രദ്ധിക്കാറില്ല.
കാലപ്പഴക്കത്തെ തുടർന്ന് സ്റ്റാൻഡിന്റെ ഭിത്തികൾ പൊട്ടിക്കീറിയ നിലയിലാണ്. മുകൾ ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിത്തകർന്ന നിലയിലാണ്. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമാണ് ദിവസേന ഈ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നത്.
വിജിലൻസിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡ് പൊളിക്കാൻ ടെൻഡർ ക്ഷണിച്ച് കരാർ നൽകിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാൻ പറഞ്ഞു.സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനത്തിലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില് ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്ക്കടവ് സ്വദേശി അരുണ്കുമാറിന് (46) അഞ്ച് വര്ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.
അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില് ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല് സര്വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്കണമെന്നും കോടതി വിധിച്ചു.
2024 സെപ്റ്റംബര് 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില് പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തില് ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്ന്നുള്ള ദിവസങ്ങളിലും ഇതേ ബസില് സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്നങ്ങള് ഉണ്ടായി. തുടര്ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leader Page
മൊട്ടുസൂചി ഇടപാടില് പോലും കമ്മീഷനടിക്കുന്നുവെന്നു പേരുദോഷമുള്ള കെഎസ്ആര്ടിസി, ‘പ്രിയദര്ശിനി’ സൗജന്യ യാത്രാ പദ്ധതികൊണ്ട് രക്ഷപ്പെടുമോ? കെഎസ്ആര്ടിസി ഓര്ഡിനറി ബസുകള് സ്ത്രീകളെ കുത്തിനിറച്ച് ഓടുന്നതു കാണുമ്പോള് ഉയരുന്ന ചോദ്യമിതാണ്. കെഎസ്ആര്ടിസി ബസുകളില് കയറാന് സ്ത്രീകളുടെ കൂട്ടയിടിയാണ്.
സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല് സ്ത്രീകളുടെ കൂടെയുള്ള ആണ്കുട്ടികളും പുരുഷന്മാരും പ്രിയദര്ശിനി ബസുകളില് തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന് നിര്ബന്ധിതരാവുകയാണ്. സ്ത്രീകളുടെ തള്ളിക്കയറ്റം കെഎസ്ആര്ടിസിയുടെ ഖജനാവ് നിറയ്ക്കുമോ? സൗജന്യയാത്രയ്ക്ക് പ്രതിമാസം സര്ക്കാര് കോടികള് കൊടുത്താല്പോലും കെഎസ്ആര്ടിസിക്ക് അത് അത്ര ആശ്വാസമാവില്ല എന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.
അത്രമാത്രം ഭാരിച്ച ചെലവുകളുമായാണ് കെഎസ്ആര്ടിസി കിതച്ചു നീങ്ങുന്നത്. സൗജന്യയാത്ര സ്ത്രീകള്ക്ക് ആശ്വാസമാണെന്നതില് തര്ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു നീങ്ങുന്ന സംസ്ഥാന സര്ക്കാരിനും കെഎസ്ആര്ടിസിക്കും കനത്ത ബാധ്യത ഒഴിവാക്കാന് ടിക്കറ്റ് വരുമാനത്തോടൊപ്പം ഇതര വരുമാനസമ്പാദന മാര്ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ഒടുവില് വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള് വ്യക്തമാക്കുന്നത്, 2023-24 സാമ്പത്തിക വര്ഷത്തില് 2,065.57 കോടി രൂപ സംസ്ഥാന സര്ക്കാര് കെഎസ്ആര്ടിസിക്ക് സാമ്പത്തികസഹായമായി നല്കിയെന്നാണ്. 2021-22 വര്ഷത്തില് 2,037.51 കോടി രൂപയും നല്കി. കഴിഞ്ഞ 10 വര്ഷത്തിനിടെ ഏറ്റവും കൂടുതല് തുക നല്കേണ്ടിവന്നത് 2023-24ലാണ്. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന് കഴിഞ്ഞുവെന്നത് സര്ക്കാരിനു നേട്ടമാണ്. അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന് നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തത് സംസ്ഥാന സര്ക്കാരിന്റെ സാമ്പത്തിക ബാധ്യത ഇരട്ടിപ്പിക്കുകയാണ്.
പരസ്യമാകണം ബസുകള്
കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ സംസ്ഥാന സര്ക്കാര് പരസ്യ ഇനത്തില് കെഎസ്ആര്ടിസിക്ക് നല്കിയത് 3,87,66,151 രൂപ. 2021 മുതല് കെഎസ്ആര്ടിസി നേരിട്ട് ബസുകളില് പരസ്യം ചെയ്തു തുടങ്ങി. അതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നു. 2021ല് 1.31 കോടിയായിരുന്നു പരസ്യവരുമാനം. 2022ല് ഇത് 8.53 കോടിയായും 2024ല് 8.77 കോടിയായും ഉയര്ന്നു. 2025ല് 7.51 കോടി രൂപയാണ് പരസ്യ ഇനത്തില് നേരിട്ട് സമാഹരിച്ചത്.
ഈ വര്ഷം ഏപ്രിലില് ടിക്കറ്റ് വരുമാനമായി കെഎസ്ആര്ടിസിക്ക് ലഭിച്ചത് 227.63 കോടി രൂപയാണ്. 2025-26 സാമ്പത്തികവര്ഷം ടിക്കറ്റിതര വരുമാനമാര്ഗമായി 330.96 കോടി രൂപയും ലഭിച്ചു. ഈ വിധത്തിലുളള വരുമാനത്തിനൊപ്പം പ്രിയദര്ശിനി സൗജന്യയാത്രാ പദ്ധതി പ്രകാരമുള്ള കോടികള് ലഭിച്ചാലും നിലവിലുള്ള ചെലവുകള് കണക്കാക്കുമ്പോള് കെഎസ്ആര്ടിസിക്ക് അത് കാര്യമായി ആശ്വാസമേകില്ല. 2021 മുതലാണ് കെഎസ്ആര്ടിസി നേരിട്ട് ബസുകളില് പരസ്യം ചെയ്തു തുടങ്ങിയത്. അന്നുമുതലുള്ള വരുമാനം ചുവടെ:
2021: 1,31,21,564 രൂപ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വര്ഷം, സര്ക്കാര് കത്തിച്ചത് 13,522.95 കോടി
2016-17 സാമ്പത്തികവര്ഷം മുതല് 2025-26 വരെയുള്ള കഴിഞ്ഞ 10 വര്ഷത്തിനിടെ വായ്പകള് എന്ന ശീര്ഷകത്തില് സംസ്ഥാന സര്ക്കാര് കെഎസ്ആര്ടിസിക്ക് നല്കിയത് 13,522.95 കോടി രൂപയാണ്. സാമ്പത്തികവര്ഷം, ലഭിച്ച തുക (കോടി രൂപയില്) എന്നിവ യഥാക്രമം ചുവടെ:
2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07
Kerala
കൊച്ചി: എറണാകുളത്ത് ഡ്രൈവിംഗ് ലൈസന്സ് റാക്കറ്റ് പ്രവര്ത്തിക്കുന്നതായി സ്വകാര്യ ബസുടമകളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള് ജില്ലാ കളക്ടര്, റൂറല് എസ്പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര് എന്നിവര്ക്ക് പരാതി നല്കി.
ഇക്കഴിഞ്ഞ മെയ് 27ന് ചെറായി പാടത്ത് നിയന്ത്രണം വിട്ടു പാടത്തേക്ക് ചാടിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്സ് പരിശോധിച്ചപ്പോള് വ്യാജന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പരാതി നല്കിയിരിക്കുന്നത്.
അപകടം നടന്ന ദിവസം ഡ്യൂട്ടിയില് ഉണ്ടായിരുന്ന ഡ്രൈവര് പറവൂരില് ഇറങ്ങിയ ശേഷം ബാങ്ക് സംബന്ധമായ ഒരു അത്യാവശ്യ ഇടപാടിനായി പോയ സമയത്ത് താല്ക്കാലികമായി ഓടിക്കാന് ഏല്പ്പിച്ചതാണ് പുതിയ ഡ്രൈവറെ. പല സ്വകാര്യ ബസുകളിലും ഇയാളെ ഡ്രൈവറായി കണ്ടു പരിചയമുള്ളതിനെ തുടര്ന്നാണ് ഇയാളെ താല്ക്കാലിക ചുമതല ഏല്പ്പിക്കാന് കാരണമെന്നാണ് ബസുടമയുടെ വാദം.
എന്നാല് അപകടത്തിന് ശേഷം ലൈസന്സ് പരിശോധിച്ചപ്പോള്, കൊടുങ്ങല്ലൂര് ആനാപ്പുഴ സ്വദേശിയുടെ പേരിലുള്ള നമ്പറിലെ ലൈസന്സ് ഏതോ ആപ്പ് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസിലായി. തുടര്ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില് താന് തൃശൂരില് നിന്നും ലൈസന്സ് എടുത്തതാണെന്നും പിന്നീട് കൊച്ചിയില് നിന്നാണെന്നും ഇയാള് പറഞ്ഞു.
എന്നാല് പോലീസ് ഇതില് കൂടുതല് അന്വേഷണങ്ങള് നടത്തിയില്ലെന്നാണ് ആരോപണം. മാത്രമല്ല ഈ സംഭവത്തിന് ശേഷം ചില ഡ്രൈവര്മാരെ ഡ്യൂട്ടിക്കായി വിളിച്ചിട്ടും ഇവര് ബസില് കയറാന് തയാറാകാതെ വന്നതോടെയാണ് വ്യാജ ലൈസന്സുകാര് വിലസുന്നുണ്ടെന്നുള്ളതായ സംശയം ബലപ്പെട്ടത്. വ്യാജ ലൈസന്സ് ഉണ്ടാക്കി കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്ത്തിക്കുന്നുണ്ട് എന്നാണ് ചില ബസുടമകളുടെ ആരോപണം.
National
ബംഗളൂരു: ബംഗളൂരുവിൽ കെ. ആർ. സർക്കിളിന് സമീപം ബസുകൾ കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കറ്റു. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബിഎംടിസി ബസിന് പിന്നിൽ മറ്റൊരു ഇലക്ട്രിക് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്നും അത്തിബെലെയിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് മറ്റൊരു ഇലക്ട്രിക് ബസ് ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവറെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എല്ലാവരുടെയും പരിക്കുകൾ നിസാരമാണെന്നും ഡ്രൈവറുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് രണ്ട് ക്രയിനുകൾ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ബസുകൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
National
ദുബായി: ദുബായിലെ ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായതും നിസാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായി പോലീസ് അറിയിച്ചു.
റോഡിന് നടുവിൽ വച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും വഴിയിൽ നിന്നുപോവുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങൾ പിന്നിലിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു.
ദുബായി ട്രാഫിക് പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
Kerala
ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം.
ബസിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത് പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കാരണം വ്യക്തമല്ല.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാനിലെ ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 48 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായതിനെത്തുടർന്നു ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ.
ദുർഘട പർവതമേഖലകളും മോശം കാലാവസ്ഥയും മൂലം ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ വാഹനാപകടങ്ങൾ പതിവാണ്.
National
ചെന്നൈ: തമിഴ്നാട് സർക്കാർ ഗതാഗത കോർപ്പറേഷനുകൾ ഇനിമുതൽ എയർ കണ്ടീഷൻഡ് ബസുകൾ മാത്രം വാങ്ങിയാൽ മതിയെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിർദേശിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ. സാധാരണക്കാരായ യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ തീരുമാനം. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ വിദൂര ഗ്രാമങ്ങളെപ്പോലും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ബസ് ശൃംഖല കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വരും ദിവസങ്ങളിൽ പുതിയ റൂട്ടുകൾ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കോണുകളിലേക്കും പൊതുഗതാഗത സൗകര്യം എത്തിക്കുക എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നടപടി.
നിലവിൽ കാലാവധി കഴിഞ്ഞ പഴയ ബസുകൾ ഘട്ടംഘട്ടമായി നിരത്തിൽ നിന്ന് മാറ്റുകയാണ്. പുതിയതായി വാങ്ങുന്ന ബസുകളെല്ലാം യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ നൽകുന്ന എസി ബസുകളായിരിക്കും. കൊടുംചൂടിൽ നിന്നും യാത്രാക്ലേശങ്ങളിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഈ തീരുമാനം സഹായിക്കുമെന്നും, പരിസ്ഥിതി സൗഹൃദവും ആധുനികവുമായ ഗതാഗത സംവിധാനത്തിലേക്ക് തമിഴ്നാട് മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ച് പൊട്ടിക്കുകയും ചെയ്ത മൂന്ന് വനിതാ യാത്രക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന 'പ്രിയദർശിനി' ബസിലാണ് നാടകീയ സംഭവങ്ങൾ.
ബസിൽ കയറിയ ശേഷമാണ് തങ്ങൾ മാറി കയറിയതാണെന്ന വിവരം സ്ത്രീകൾ മനസിലാക്കിയത്. തുടർന്ന് ബസ് ഉടൻ തന്നെ നിർത്തണമെന്ന് ഇവർ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ സ്റ്റോപ്പിലല്ലാതെ വഴിമധ്യേ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമാകുകയായിരുന്നു.
വാക്കേറ്റം അതിരുകടന്നതോടെ പ്രകോപിതരായ സ്ത്രീകൾ ബസിനുള്ളിലെ ബെൽ വലിച്ച് പൊട്ടിച്ചു. ഇതോടെ സർവീസ് തടസപ്പെടുകയും ബസ് ജീവനക്കാർ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സംഘം പൊതുമുതൽ നശിപ്പിച്ചതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ്പ്രസ്വേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. 65 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന വോൾവോ ബസാണ് ചൊവ്വാഴ്ച പുലർച്ചെ നാലിന് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാല് യാത്രക്കാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
ബസിലുണ്ടായിരുന്നവരിൽ 35 ഓളം പേർക്ക് പരിക്കുകളൊന്നുമില്ല. മരിച്ച നാല് പേരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.